നെന്മാറ: ഒന്നാംവിള കതിരണിഞ്ഞുതുടങ്ങിയതോടെ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷമായത് കർഷകരെ ആശങ്കയിലാക്കുന്നു. വെയിലും കാറ്റും ലഭിക്കാതെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതാണ് ചാഴിയുടെ വ്യാപനത്തിനു കാരണമെന്നാണ് കർഷകർ പറയുന്നത്.
നെന്മാറ, അയിലൂർ, കയറാടി, കരിങ്കുളം മേഖലകളിലെ പാടശേഖരങ്ങളിലാണ് ചാഴിശല്യം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കളകൾകയറി നേരത്തെതന്നെ പ്രതിസന്ധിയിലായിരുന്ന കൃഷി തിരിച്ചുപിടിക്കുന്നതിനിടെയാണ് ചാഴിയുടെ ആക്രമണം കർഷകർക്ക് പുതിയ വെല്ലുവിളിയായത്. കതിരുകളിൽ ചാഴിയുടെ സാന്നിധ്യം വർധിച്ചതോടെ നെല്ല് പതിരാകാനും ധാന്യത്തിന്റെ ഗുണനിലവാരം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് കർഷകർ. പ്രതീക്ഷിക്കുന്ന വിളവ് വീണ്ടും കുറയുമോയെന്ന ആശങ്കയും ശക്തമാണ്.
ചാഴിശല്യം നിയന്ത്രിക്കുന്നതിനായി പാടശേഖരങ്ങളിൽ സ്പ്രിംഗ്ലർ ഉപയോഗിച്ച് കീടനാശിനി തളിക്കുന്ന നടപടികളാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്.
കീടനാശിനി പ്രയോഗം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്ന കർഷകരും വിളവിനെ ബാധിക്കുമെന്ന ആശങ്കയിൽ മരുന്ന് പ്രയോഗിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.